Wednesday, August 22, 2012

കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക

പ്രിയരെ,

കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലെ കൂടങ്കുളത്ത് റഷ്യന്‍ സാങ്കേതിക സഹായത്തോടെ 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയുള്ള രണ്ട് ആണവ നിലയങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണല്ലോ. രണ്ട് ദശകങ്ങളായി തുടര്‍ന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിവരികയാണ്. പദ്ധതിയുടെ ആരംഭ ഘട്ടത്തില്‍ തന്നെ ആണവ വിരുദ്ധ പ്രവര്‍ത്തകരും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളും ആണവ നിലയ നിര്‍മ്മാണത്തിനെതിരായി ശക്തമായ സമരം നടത്തിവരികയുണ്ടായി. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ആണവ നിലയ പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ മുന്നോട്ടുപോവുകയാണുണ്ടായത്. തദ്ദേശീയരുടെ എതിര്‍പ്പിനെ നേരിടാന്‍ പോലീസ് വെടിവെപ്പുപോലും കൂടങ്കുളത്ത് നടക്കുകയുണ്ടായി. പദ്ധതിനിര്‍മ്മാണത്തിന്റെ തുടക്കം തൊട്ട് ആരംഭിച്ച ജനകീയ സമരം ജാപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കൂടങ്കുളത്തിനടുത്തുള്ള ഇടിന്തകരൈ ഗ്രാമത്തില്‍ അവര്‍ സത്യാഗ്രഹ സമരത്തിലാണ്. പതിനായിരക്കണക്കിന് ഗ്രാമീണരാണ് സത്യാഗ്രഹ സമരത്തില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു.
ഒരു കൊല്ലക്കാലമായി നിരന്തരമായി അഹിംസാത്മകമായ രീതിയില്‍ ജനങ്ങള്‍ സമരം നടത്തിയിട്ടും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാകാതെ പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈയവസരത്തില്‍ ആണവ നിലയങ്ങള്‍ ഉയര്‍ത്തുന്ന ഗൗരവമായ സുരക്ഷാ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസിലാക്കിക്കൊണ്ട് ജനങ്ങളുടെ പോരാട്ടങ്ങളെ പിന്തുണക്കാനും സര്‍ക്കാരിനെക്കൊണ്ട് പദ്ധതിയില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നതിനായി ഇടപെടാനും പൊതു സമൂഹത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ഫുക്കുഷിമ ആണവാപകടത്തിനു ശേഷം ലോകമെമ്പാടും ആണവനിലയങ്ങള്‍ക്കെതിരായ വികാരം ശക്തമായിക്കൊണ്ടിരിക്കുമ്പോഴാണ് വന്‍കിട ആണവ നിലയ പദ്ധതികളുമായി ഇന്ത്യാ ഗവണ്‍മെന്റ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ എല്ലാ പദ്ധതി പ്രദേശങ്ങളിലും ജനങ്ങള്‍ ശക്തമായ പ്രക്ഷോഭങ്ങളിലാണ്. ഭൂമിശാസ്ത്രപരമായി ദുര്‍ബലമായ പ്രദേശങ്ങളില്‍ കാര്യക്ഷമമായ പഠനങ്ങള്‍ ഒന്നും നടത്താതെയാണ് ആണവോര്‍ജ്ജ വകുപ്പ് പദ്ധതി നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കൂടങ്കുളം. വ്യക്തമായ പഠനങ്ങള്‍ നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കൂടങ്കുളം ആണവ വിരുദ്ധ സമരസമിതി. മദ്രാസ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച കേസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പദ്ധതി ഏറ്റവും അടുത്ത ദിനങ്ങളില്‍ തന്നെ കമ്മീഷന്‍ ചെയ്യുമെന്ന് കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥന്മാരും പ്രസ്താവനകള്‍ ഇറക്കുന്നത്. ഇത് നഗ്നമായ കോടതി അലക്ഷ്യമാണ്.
കൂടങ്കുളം ആണവ നിലയത്തില്‍ എന്തെങ്കിലും അപകടം സംബന്ധിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായിരിക്കും. ആണവ നിലയത്തില്‍ നിന്നും ആകാശമാര്‍ഗ്ഗം 70 കി.മീറ്റര്‍ മാത്രം അകലെയാണ് തിരുവനന്തപുരം നഗരം. അപകടം സംബന്ധിച്ചുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ സമ്പൂര്‍ണ്ണമായി കുടിയൊഴിപ്പിക്കപ്പെടേണ്ട പ്രദേശമാണിത്. എന്നാല്‍ അതിനാവശ്യമായ ഒരു നടപടികളും കേരള സര്‍ക്കാരിന്റെ ഒരു വകുപ്പും സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല അതേക്കുറിച്ച് അവര്‍ തികച്ചും അജ്ഞരുമാണ്. കൂടങ്കുളത്ത് യാതൊരു അപകടവും സംഭവിക്കുകയില്ലെന്ന വിധിവിശ്വാസത്തിലാണ് അധികൃതര്‍. കൂടങ്കുളം ആണവ നിലയത്തില്‍ അപകടം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും എന്ന് ചോദിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെയാണ്!!! പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്ന റഷ്യന്‍ ഗവണ്‍മെന്റിന് അതിന് ബാദ്ധ്യതയില്ലെന്ന് അവര് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ പിന്തുണക്കുന്ന നയം തന്നെയാണ് നമ്മുടെ ആണവോര്‍ജ്ജ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അടക്കം പിടിയില്ലാത്ത ഒരു പദ്ധതിയാണ് ഇവിടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ പോകുന്നത്.
ആണവ നിലയങ്ങളില്‍ നിന്ന് ഉതാപാദിപ്പിക്കുന്ന മാലിന്യങ്ങള്‍ എന്തുചെയ്യുമെന്നതിനെക്കുറിച്ചും ആണവവൈദ്യുതിയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ചും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ചും ഒക്കെ നിരവധി പ്രശ്‌നങ്ങള്‍ ആണവ വിരുദ്ധ പ്രവര്‍ത്തകരും ജനങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ഇവയ്‌ക്കൊന്നിനും വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ ഭൗതിക സുഖസൗകര്യങ്ങള്‍ക്കുവേണ്ടി നൂറുക്കണക്കിന് ഭാവി തലമുറയെ ഗുരുതരമായി ബാധിക്കുന്ന ആണവമാലിന്യങ്ങള്‍ കെട്ടിയേല്‍പ്പിക്കാന്‍ ധാര്‍മ്മികമായി നമുക്കെന്തധികാരമാണുള്ളത് എന്ന് നാം ആലോചിക്കേണ്ടതുണ്ട്. കൂടങ്കുളത്തെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം നമ്മുടേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആ സമരത്തെ പിന്തുണക്കുവാന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കണ്‍വീനര്‍
ആണവ വിരുദ്ധ സമിതി
തൃശൂര്‍

No comments:

Post a Comment